അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Saturday, March 14, 2009

മാഷിന്റെ സംഗതികള്‍

നേരം ആകാശത്തില്‍ മ്മളെ കൊടീന്റെ നെറം വരാനുള്ള സമയം ആയിത്തൊടങ്ങി. കളകുള കോജനം പാടിക്കൊണ്ട് കഴുകന്മാരും പരുന്തുകളും എങ്ങോട്ടൊക്കെയോ പറക്കുന്നു. ഉമ്മറത്തുകൂടെ ഒലത്തുകയായിരുന്ന ക്ഷമിക്കണം ഉലാത്തുകയായിരുന്ന മാഷ് (കഥാ നായകന്‍ ) ഒരത്താണിക്കെന്നവണ്ണം ഉമ്മറത്തെ തൂണില്‍ പിടിച്ചു നിന്നുകൊണ്ട്, ഒട്ടിക്കിടക്കുന്ന തന്റെ ആമാശയത്തിനെ നോക്കി ഇങ്ങനെ പാടി.

“ഞമ്മളു ഒലത്തും വോട്ടെല്ലാം
ഞമ്മളതാകും ചെങ്കിളിയേ..”

അടുപ്പിലിടാന്‍ കൊണ്ടുവെച്ച വാഗ്ദാനക്കൊള്ളിയില്‍ നിന്നും ഒരെണ്ണം ശഠേന്ന് വലിച്ചെടുത്തുകൊണ്ട് വീട്ടുകാരി (ചെങ്കിളി) ഉമ്മറത്തേക്കോടി വന്നു.

“പാട്ടു പാടിക്കോ മന്‍സാ.. ഇങ്ങക്ക് പാടി നടന്നാ മതിയല്ലോ, നാലു നേരം പരിപ്പുവടക്കും കട്ടന്‍ചായക്കും വെള്ളം വെച്ചിരുന്ന മ്മളെ അടുപ്പില്‍ വാഗ്ദാനക്കൊള്ളി പൊകഞ്ഞിട്ട് ഇന്നത്തേക്ക് ദെവസം പത്തായി .. ഇതു ബല്ലതും അറിയോ ഇങ്ങക്ക്”

“ ഇന്റെ ചെങ്കിളീ ഞമ്മളെ മാവും പൂക്കും അതിലും മുട്ടയും കോയിയും വിരിഞ്ഞു നില്‍ക്കും “

“ഓ.. ഞമ്മളെക്കൊണ്ടൊന്നും പറയിക്കെണ്ട .. മുട്ടയും കോയിയുമല്ലാതെ അരി നിങ്ങള്‍ക്കു പറ്റില്ലല്ലോ.. മര്യായ്ക്ക് കുട്ട്യേക്ക് നാലച്ചരം പറഞ്ഞികൊട്‌ത്ത് ജീവിച്ചിന്യേ ഇങ്ങള്, എന്തിനാ മന്‍ഷ്യ ആ പണി വലിച്ചെര്‍ഞ്ഞി കൊട്ടാരത്ത്‌ക്ക് പോവാന്‍ നോക്ക്യത്. വെശന്നിട്ട് കൊടല് കത്തുന്നു ഇങ്ങള് ആ കവലേലെങ്ങാനും ചെന്ന് ബല്ലതും കിട്ട്വോന്നു നോക്കീന്നേ..”

“ ഹോ ഇന്റെ ചെങ്കിളീ ഞമ്മളെ ഒന്നു കുത്തിയിരിക്കാനും ഇജ്ജ് സമ്മയിക്കൂലാ.. “ഇതും പറഞ്ഞ് മാഷ് കാലി വയറും തിരുമ്മി കവലയെ ലക്ഷ്യമാക്കി നടന്നു..

പണ്ട് ( അന്തകാലം) ചുവപ്പു കളറു കണ്ടാല്‍ കുളിച്ച് ശുദ്ധിയാവണമെന്നും ചുവന്നകോട്ടിട്ടവരൊന്നും മതത്തിന്റേ ആളുകളേയല്ലാ എന്നുംഎന്തിനേറെപറയണം അവരെ കാണുന്നതുപോലും ഞമ്മക്ക് ഹറാമാണെന്നും മതത്തിന്റെ ആളായ മാഷ് കവലയില്‍ പ്രസംഗം നടത്തിയിരുന്നു.

ഇന്ന് മാഷിനെപ്പറ്റി പറഞ്ഞാല്‍ (ഇന്തകാലം) ,
ഏതു മതസ്ഥനാണെന്നു ചോദിച്ചാല്‍ പടച്ചോനാണേ , നേര്‍ച്ചക്കാരാണെ മാഷിനു മതമില്ല , ജാതിയില്ല എന്തിനു ഒരു ജാതിക്കപോലുമില്ല.
--------------------
ഒരിക്കല്‍ വേഷം മാറി സഞ്ചരിക്കുകയായിരുന്ന ഏതോ രാജ കിങ്കരനാണ് മാഷില്‍ പല സംഗതികളും ഒറങ്ങിക്കിടക്കുന്നുണ്ട് എന്ന സത്യം കണ്ടെടുത്തത്..കണ്ടെടുത്തപാതി കണ്ടെടുക്കാത്തപാതി കിങ്കരന്‍ കൊട്ടാരത്തില്‍ചെന്ന് മാഷിന്റെ ഒറങ്ങിക്കിടക്കുന്ന സംഗതികളെപ്പറ്റിയുള്ള വിവരം നല്‍കി.ഇതു കേട്ട രാജാവു ഞെട്ടി.. രാജകൊട്ടാരം കിടുങ്ങി... കൊട്ടാരം റാണി ( രാജ്ഞീന്നും പറയാം) നാണംകൊണ്ടു കുണുങ്ങി “ ങ്യാ ഹഹഹാ‍ാ‍ാ‍ാ”

മാഷിന്റെ സംഗതികള്‍ കൊണ്ടുവരാന്‍ ഭടന്മാര്‍ (ഫടന്മാര്‍ന്നും പറയാം) നാനാ ദിക്കുകളിലും പാഞ്ഞു.തന്റെ സംഗതികള്‍ക്കും ഒരു വിലയൊക്കെയുണ്ടെന്നു മനസ്സിലാക്കിയ മാഷ് കവലയില്‍ പ്രസംഗം പൊടിപൊടിച്ചു.

മാഷിന്റെ സംഗതികള്‍ വിട്ടുകിട്ടാന്‍ റാണി അടവുകള്‍ പലതുമെടുത്തു, അടുപ്പില്‍ വെക്കാനുള്ള നൂതന വാഗ്ദാന സിലിണ്ടറുകള്‍വരേ നല്‍കി.

ഇതിനിടയില്‍ അരിക്കു വിലകൂട്ടിയും, പവര്‍ക്കട്ട് വാരിക്കോരി നല്‍കിയും രാജാവ് പട്ടിണി മാറ്റിക്കൊണ്ടിരുന്നു ( രാജാവിന്റെ ) . കാരണം റാണിക്കു സംഗതികള്‍ വാങ്ങിക്കാന്‍ കാശില്ലാതെ വന്നാല്‍ റാണി പല സംഗതികളുമൊപ്പിക്കുമെന്നത് രാജാവിനു പകല്‍‌പോലെ വ്യക്തമാണ്. അതുപോലെ തന്റെ പ്രജകള്‍ വല്ല കോഴിയോ കോഴിമുട്ടയോ കഴിച്ച് ( കിനാവു കണ്ട്) വിശപ്പടക്കട്ടേ എന്നും രാജാവാഗ്രഹിച്ചത് റാണിക്കു വേണ്ടി മാത്രമല്ല നാട്ടുകാര്‍ക്കുകൂടി വേണ്ടിയാണ്.

മാഷിന്റെ സംഗതികളെപ്പറ്റിയറിഞ്ഞ റാണിയുടെ രാവുകള്‍ക്ക് പവര്‍ക്കട്ടില്ലാതെയായി മാഷിന്റെ സംഗതികള്‍ എന്തു വിലകൊടുത്തും സ്വന്തമാക്കണമെന്ന് അവര്‍ ധൃഡപ്രതിജ്ഞയെടുത്തു ( ഹോ നാക്കുളുക്കിപ്പോയി).

സംഗതികള്‍ തന്നാല്‍ കൊട്ടാര വാസം വിത്തൌട്ട് വാടക വിത്ത് ഫുഡ് നല്‍കാമെന്ന് റാണി ഒരിക്കല്‍ മാഷിനെ പ്രത്യേക ദൂതന്‍ വഴി വിവരമറിയിച്ചു. കൊട്ടാര വാസം നല്‍കിയാല്‍ എന്തു സംഗതിയും നല്‍കാന്‍ തയ്യാറായിരുന്ന മാഷ് റാണിക്ക് തന്റെ സംഗതികള്‍, വെറും മുപ്പത് വെള്ളി പൂശിയ വാഗ്ദാനക്കൊള്ളികള്‍ ആഡ്വാന്‍സ് വാങ്ങിക്കൊണ്ട് കൈമാറി.

കാലചക്രം കാലനുപോലും വേണ്ടാതെ വീണ്ടും കറങ്ങി

താന്‍ കൊട്ടാരവാസിയാകാന്‍ പോകുന്ന വിവരം മാഷ് വീടുവീടാന്തരം കൊട്ടിയറിയിച്ചുകൊണ്ടിരുന്നു. രാജ കിങ്കരന്മാര്‍ വരേ മാഷിന്റെ സഹായത്തിനെത്തി എന്നാണു ചരിത്രത്തിന്റെ ഏടുകളില്‍ കാണുന്നത്. അങ്ങിനെ അത്താഴത്തിന് ഒരു അത്താണിയുമില്ലാതെയിരുന്ന മാഷിനു തന്റെ സംഗതി കാരണം അത്താണിയുണ്ടായി.

മാഷിന്റെ സംഗതികള്‍ എത്രത്തോളമുണ്ടെന്നു പിടികിട്ടിയ മഹാറാണി കൊട്ടാര വാസത്തിനു വേറെ പലരുടേയും സംഗതികള്‍ തിരയുന്നെന്നും തന്റെ സംഗതികള്‍ പരിപ്പുവടയ്ക്ക്കൂട്ടി ചായയില്‍ മുക്കിയടിച്ചെന്നും അറിഞ്ഞ മാഷിന്റെ ഖല്‍ബ് പൊട്ടി . ഒന്നല്ല പല തവണ.

ഇതുവരെ നേരിട്ടു കാണുകപോലും ചെയ്തിട്ടില്ലാത്ത മാഷുമായി മരുന്നിനു പോലും ഒരു അവിഹിത ബന്ധമില്ലാ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് മഹാറാണി കയ്യടി വാങ്ങിയ വാര്‍ത്തയുമ്മറിഞ്ഞപ്പോള്‍ ഞെട്ടാന്മാത്രമുള്ള ഖല്‍ബൊന്നും മാഷിനില്ലായിരുന്നു.

എങ്കിലും കൊട്ടാരവാസത്തിനു പോവുകയാണെന്ന വിളമ്പരം കൊട്ടിയറിയിക്കുന്നതില്‍ നിന്നും പിന്തിരിയാന്‍ മാഷ് ഇന്നും തയ്യാറല്ല
---------------------
അങ്ങിനെ കവലയിലെത്തിയതാണ് മാഷ്. കൊട്ടാരവാസത്തിനും റാണിയുടെ പ്രീതിപാത്രമാവാനും സംഗതികളെറിഞ്ഞുടയ്ക്കുന്ന പലരെയും കവലയില്‍ കണ്ട മാഷിനു കലി കയറി മുന്‍പില്‍ ഒരു തോര്‍ത്ത് വിരിച്ച ശേഷം ഒട്ടിയ തന്റെ വയറ്റത്തടിച്ചുകൊണ്ട് മാഷ് ഉറക്കെ പാടി
“ഞമ്മളിലുള്ള സംഗതികള്‍
ഞമ്മളതാവില്ല പങ്കിളിയേ....”

കേട്ടുനിന്ന ആരോ പൊട്ടിച്ചിരിക്കുന്നത് അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു

ഗുണപാഠം: അവനവന്റെ സംഗതികള്‍ മറ്റുള്ളവര്‍ സൂക്ഷിക്കില്ല

2 comments:

Vote4Koni said...

സംഗതികള്‍ തന്നാല്‍ കൊട്ടാര വാസം വിത്തൌട്ട് വാടക വിത്ത് ഫുഡ് നല്‍കാമെന്ന് റാണി ഒരിക്കല്‍ മാഷിനെ പ്രത്യേക ദൂതന്‍ വഴി വിവരമറിയിച്ചു. കൊട്ടാര വാസം നല്‍കിയാല്‍ എന്തു സംഗതിയും നല്‍കാന്‍ തയ്യാറായിരുന്ന മാഷ് റാണിക്ക് തന്റെ സംഗതികള്‍, വെറും മുപ്പത് വെള്ളി പൂശിയ വാഗ്ദാനക്കൊള്ളികള്‍ ആഡ്വാന്‍സ് വാങ്ങിക്കൊണ്ട് കൈമാറി.

അസ്സു രണ്ടത്താണി said...

ബെസ്റ്റ് കണ്ണാ... ബെസ്റ്റ്,

സംഗതി കലക്കി..

ഞ്ഞല്ലെ കലക്കന്‍ സംഗതി കാണാനിരിക്ക്‍ണത്..
ങ്ങള് നോക്കി
ഞങ്ങള് സംഗതി കലക്കും, അല്ലെങ്കില്‍ മുറിക്കും